Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നട്ടപ്പാതിരക്ക് വിദ്യാര്‍ഥിനിയെ ഇറക്കാതെ പാഞ്ഞ മിന്നല്‍ ബസ് പോലീസ് ജീപ്പിട്ട് തടഞ്ഞു

പയ്യോളി: അർധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത പതിനേഴ് വയസ്സുള്ള വിദ്യാർഥിനിക്ക് ഇറങ്ങാൻ കെ.എസ്.ആർ.ടി.സി. ബസ് നിർത്തിക്കൊടുത്തില്ല. രണ്ടുസ്ഥലത്ത് പോലീസ് കൈകാണിച്ചിട്ടും ബസ് നിർത്തിയില്ല. ഒടുവിൽ ചോമ്പാല കുഞ്ഞിപ്പള്ളിക്ക് സമീപം ജീപ്പ് കുറുകെയിട്ടാണ് ബസ് തടഞ്ഞ് വിദ്യാർഥിനിയെ ഇറക്കിയത്. പള്ളിക്കര കെ.സി. അബ്ദുൾ അസീസിന്റെ മകളാണ് ജീവനക്കാരുടെ കണ്ണിൽ ചോരയില്ലാത്ത പെരുമാറ്റത്തിന് ഇരയായത്. ശനിയാഴ്ച പുലർച്ചെ ദേശീയപാതയാണ് നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. കെ.എസ്.ആർ.ടി.സി.യുടെ മിന്നൽ ബസാണ് വില്ലൻ. കോട്ടയം പാലയിലെ എൻട്രസ് കോച്ചിങ് സ്ഥാപനത്തിൽനിന്ന് വരികയായിരുന്നു വിദ്യാർഥിനി. എട്ടുമണിക്കാണ് പാലയിൽ നിന്ന് കയറിയത്. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക്ചെയ്തത് കോഴിക്കോട്ട് വരെയായിരുന്നു. കൂട്ടുകാരികൾ കോഴിക്കോട്ട് ഇറങ്ങിപ്പോയി. കോഴിക്കോട്ട് എത്തിയപ്പോഴാണ് ബസ് കാസർകോട്ടേക്കാണെന്ന് മനസ്സിലായത്. വിദ്യാർഥിനി ഇതിനാൽ ബസിൽ തന്നെയിരുന്നു. സമയം രണ്ടുമണിയായി. കണ്ടക്ടർ അടുത്തുവരുമ്പോൾ ബസ് കോഴിക്കോട്ട് ടൗൺ വിട്ടിരുന്നു. ബസ് പയ്യോളി നിർത്തില്ലെന്ന് പറഞ്ഞു. മിന്നൽ ബസിന് ഒരുജില്ലാ കേന്ദ്രം കഴിഞ്ഞാൽ മറ്റൊരു ജില്ലാ ആസ്ഥാനത്താണ് സ്റ്റോപ്പെന്ന് കണ്ടക്ടർ പറഞ്ഞു. കണ്ണൂർക്ക് വേണമെങ്കിൽ ടിക്കറ്റ് എടുത്തോളാൻ പറഞ്ഞു. വിദ്യാർഥിനി 111 രൂപകൊടുത്ത് കണ്ണൂർക്ക് ടിക്കറ്റെടുത്തു. ബസിൽ കയറി അബദ്ധം പറ്റിയത് കുട്ടി പയ്യോളിയിൽ കാത്തുനിന്ന പിതാവിനെ ഫോണിൽ വിളിച്ചുപറഞ്ഞു. പിതാവ് പയ്യോളി പോലീസ് സ്റ്റേഷനിൽ പോയി വിവരം പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന വിനോദൻ എന്ന ഓഫീസർ ടൗണിൽ വന്ന് കൈകാണിച്ചു. ബസ് നിർത്താതെ പോയി. ഉടനെ മൂരാട് പാലത്തിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരനെ വിവരം അറിയിച്ചു. കൈകാണിച്ചിട്ട് അവിടെയും ബസ് നിർത്തിയില്ല. ഇതറിഞ്ഞതോടെ പോലീസ് വയർലെസ് സെറ്റിലൂടെ വിവരം കൈമാറി. രണ്ടിടത്ത് പോലീസ് കൈകാണിച്ചിട്ടും ബസ് നിർത്താതെ വന്നതോടെ വിദ്യാർഥിനി തളർന്നു. പിതാവ് ധൈര്യമായിരിക്കാൻ ഇടയ്ക്കിടെ വിളിച്ചുപറഞ്ഞു. വടകര പോലീസ് വരുമ്പോഴേക്കും ബസ് വിട്ടിരുന്നു. തുടർന്നാണ് ചോമ്പാല പോലീസ് ജീപ്പ് റോഡിന് കുറുകെയിട്ടത്. അപ്പോഴേക്കും മൂന്ന്മണിയായി. ആലപ്പുഴ സ്വദേശികളാണ് ഡ്രൈവറും കണ്ടക്ടറും. പയ്യോളിനിന്ന് 24 കിലോമീറ്ററാണ് കുഞ്ഞിപ്പള്ളിയിലേക്കുള്ളത്.കണ്ണൂരിൽ എത്തുമ്പോൾ മൂന്നേമുക്കാലാവും. അവിടെ ആ സമയത്ത് വിദ്യാർഥിനിയെ എങ്ങനെ ഇറക്കിവിടുമെന്ന ചോദ്യത്തിന് ജീവനക്കാർക്ക് ഉത്തരമില്ലെന്ന് ചോമ്പാല എസ്.ഐ. നസീർ ഇരിങ്ങൽ പറഞ്ഞു. പിതാവ് ബൈക്കിലെത്തി കുട്ടിയെ പീന്നിട് കൂട്ടിക്കൊണ്ടുവന്നു. പോലീസിൽ പരാതിയും നൽകി. വിദ്യാർഥിനി കണ്ടക്ടറോട് കാര്യങ്ങൾ പറയുന്നുണ്ടായിരുന്നെങ്കിലും ഉറങ്ങാതിരുന്ന മറ്റ് യാത്രക്കാർ പ്രശ്നത്തിൽ ഇടപെട്ടില്ലെന്നും പറയുന്നു. രാത്രി പത്തുമണി കഴിഞ്ഞാൽ ഏത് വാഹനവും നിർത്തണമെന്ന നിയമം ഉള്ളപ്പോഴാണ് കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ഈ ക്രൂരത.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com