Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മൂന്നിലൊന്ന് വിദ്യാര്‍ഥികളെയും റാഗിങ് തളര്‍ത്തുന്നുവെന്ന് യു.ജി.സി.

ന്യൂഡൽഹി: മൂന്നിലൊന്ന് വിദ്യാർഥികളെയും (31.2 ശതമാനം) റാഗിങ് മാനസികമായി തളർത്തുന്നതായി യു.ജി.സി.യുടെ സർവേ ഫലം. പ്രൊഫഷണൽ ഉൾപ്പെടെ രാജ്യത്തെ 37 കോളേജുകളിലാണ് പഠനം നടത്തിയത്. കേരളത്തിലെ ഓരോ സ്വകാര്യ-സർക്കാർ എൻജിനീയറിങ് കോളേജുകളും ഇതിൽ ഉൾപ്പെടും. 2015-ൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്. മെഡിക്കൽ-എൻജിനീയറിങ് കോളേജുകളിലാണ് റാഗിങ് കൂടുതൽ നടക്കുന്നത്. കോളേജിലെ സാഹചര്യം, മാനേജ്മെന്റിന്റെയും അധ്യാപകരുടെയും മനോഭാവം എന്നിവ റാഗിങ്ങിന് കാരണമാകുന്നതായി റിപ്പോർട്ട് പറയുന്നു. റാഗിങ് കാരണം പഠനത്തിൽ ശ്രദ്ധിക്കാൻകഴിയുന്നില്ലെന്ന് 18.9 ശതമാനം വിദ്യാർഥികൾ പറഞ്ഞു. 12.1 ശതമാനത്തിന് ക്ലാസുകൾ നഷ്ടപ്പെടുന്നു. 9.5 ശതമാനത്തിന് അസൈൻമെന്റുകൾ പൂർത്തിയാക്കാനാകുന്നില്ല. ഒൻപതുശതമാനത്തിന്റെ പഠനനിലവാരം കുറഞ്ഞു. റാഗിങ്ങിന് വിധേയരായവരിൽ 84.3 ശതമാനവും പരാതിനൽകുന്നില്ല. കുറ്റക്കാർക്കെതിരേ അധികാരികൾ നടപടിയെടുക്കുമോയെന്ന സംശയം, മുതിർന്ന വിദ്യാർഥികളോടുള്ള ഭയം, പഠനത്തെ ബാധിക്കുമോയെന്ന ആശങ്ക തുടങ്ങിയവയാണ് ഭൂരിപക്ഷവും പരാതിപ്പെടാത്തതിന് കാരണം. പുതിയ കുട്ടികൾക്ക് മുതിർന്ന വിദ്യാർഥികളുമായി പരിചയപ്പെടാനും കോളേജിലെ അന്തരീക്ഷവുമായി ഇണങ്ങിച്ചേരാനും മാനേജ്മെന്റുകൾ അവസരമൊരുക്കുക, മാനേജ്മെന്റിന്റെയും അധ്യാപകരുടെയും മുതിർന്ന വിദ്യാർഥിപ്രതിനിധികളുടെയും നേതൃത്വത്തിൽ സമിതി രൂപവത്കരിക്കുക, കോളേജുകളിൽ നിരീക്ഷണസംവിധാനം ശക്തിപ്പെടുത്തുക, നിരീക്ഷണത്തിന് അധ്യാപകരെയും വാർഡന്മാരെയും മുതിർന്നവിദ്യാർഥികളെയും നിയോഗിക്കുക, കൗൺസലിങ്ങിനുള്ള സൗകര്യമൊരുക്കുക, റാഗിങ്ങിനെതിരേ യു.ജി.സി. ചട്ടങ്ങളും മാർഗരേഖകളും നടപ്പാക്കുക, യു.ജി.സി.യുടെ റാഗിങ് വിരുദ്ധ സെൽ ശക്തിപ്പെടുത്തുക, അക്രഡിറ്റേഷനുള്ള മാർഗരേഖകൾ കോളേജുകൾ പാലിക്കുന്നുണ്ടെന്ന് നാക് ഉറപ്പുവരുത്തുക തുടങ്ങിയ നിർദേശങ്ങളും പഠനം മുന്നോട്ടുവെക്കുന്നു. മറ്റുകണ്ടെത്തലുകൾ * രാജ്യത്ത് 39.2 ശതമാനം വിദ്യാർഥികൾ ചെറിയതോതിലോ ഗുരുതരമായ രീതിയിലോ റാഗിങ്ങിന് വിധേയരാകുന്നു. * എതിർലിംഗത്തിൽപ്പെട്ടവരുമായി സംസാരിക്കുന്നതിൽ 47.2 ശതമാനത്തിന് വൈമുഖ്യം. * മേഖല, ജാതി, മതം, രൂപം തുടങ്ങിയവമൂലം റാഗിങ്ങിന് വിധേയരായവർ 40.6 ശതമാനം. * മുതിർന്ന വിദ്യാർഥികളെ ബഹുമാനിക്കാത്തതിന് റാഗിങ്ങിന് വിധേയരായവർ 39 ശതമാനം. * മുതിർന്ന വിദ്യാർഥികളെ സാർ, മാഡം അഭിസംബോധന ചെയ്യാത്തതിന് റാഗിങ്ങിന് വിധേയരായവർ 12.9 ശതമാനം. * ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് നാലുശതമാനം. * മൂന്നിലൊന്ന് വിദ്യാർഥികൾ റാഗിങ് ആസ്വദിക്കുന്നു. * മുതിർന്ന വിദ്യാർഥികളുമായി സൗഹൃദത്തിന് കാരണമാകുന്നതായി മൂന്നിലൊന്ന് വിദ്യാർഥികൾ. * റാഗുചെയ്തവരിൽനിന്ന് പിന്നീട് സഹായം ലഭിക്കുമെന്ന് മൂന്നിൽരണ്ടുപേർ. * റാഗിങ്ങിനോട് യോജിപ്പില്ലാത്തവരിൽ മൂന്നിലൊന്ന് മുതിർന്ന വിദ്യാർഥികൾ. കേരളത്തിലെ അവസ്ഥ: സ്വകാര്യ എൻജിനീയറിങ് കോളേജ് * ചെറിയതോതിലോ ഗുരുതരമായ രീതിയിലോ റാഗിങ്ങിന് വിധേയരാകുന്നത് 68.2 ശതമാനം. * എതിർലിംഗത്തിൽപ്പെട്ടവരുമായി സംസാരിക്കുന്നതിൽ 40.30 ശതമാനത്തിന് വൈമുഖ്യം. * മേഖല, ജാതി, മതം, രൂപം തുടങ്ങിയവമൂലം റാഗിങ്ങിന് വിധേയരായവർ 29.3 ശതമാനം. * മുതിർന്ന വിദ്യാർഥികളെ ബഹുമാനിക്കാത്തതിന് റാഗിങ്ങിന് വിധേയരായവർ 33.7 ശതമാനം. * മുതിർന്ന വിദ്യാർഥികളെ സാർ, മാഡം അഭിസംബോധന ചെയ്യാത്തതിന് റാഗിങ്ങിന് വിധേയരായവർ 8.2 ശതമാനം. സർക്കാർ എൻജിനീയറിങ് കോളേജ് * ചെറിയതോതിലോ ഗുരുതരമായ രീതിയിലോ റാഗിങ്ങിന് വിധേയരാകുന്നത് 61.10 ശതമാനം. * എതിർലിംഗത്തിൽപ്പെട്ടവരുമായി സംസാരിക്കുന്നതിൽ 49 ശതമാനത്തിന് വൈമുഖ്യം. * മേഖല, ജാതി, മതം, രൂപം തുടങ്ങിയവമൂലം റാഗിങ്ങിന് വിധേയരായവർ 47.6 ശതമാനം. * മുതിർന്ന വിദ്യാർഥികളെ ബഹുമാനിക്കാത്തതിന് റാഗിങ്ങിന് വിധേയരായവർ 40 ശതമാനം. * മുതിർന്ന വിദ്യാർഥികളെ സാർ, മാഡം അഭിസംബോധന ചെയ്യാത്തതിന് റാഗിങ്ങിന് വിധേയരായവർ 12.5 ശതമാനം. * ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് 8.1 ശതമാനം. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും പ്രൊഫഷണൽ കോളേജുകളിലും നടത്തിയ പഠനത്തിൽ വിദ്യാർഥികളുടെ പഠനത്തെ റാഗിങ് ബാധിക്കുന്നതായാണ് കണ്ടെത്തൽ.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com