Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സദാചാരത്തിന്റെ പൊതുബോധമുള്ളവര്‍ എസ്എഫ്ഐക്കാരല്ല -ജെയ്ക്ക്

തിരുവനന്തപുരം: വിദ്യാർത്ഥി സമരങ്ങളുടെ വസന്തകാലമാണിത്. സ്വാശ്രയ കോളേജുകളിലെ ജനാധിപത്യ വിരുദ്ധ കോട്ടകൾ തച്ചുതകർക്കാൻ നട്ടെല്ലുയർത്തി വിദ്യാർത്ഥികൾ ഇരമ്പിയാർക്കുന്ന കാലം. സിംഹാസനങ്ങൾ ഇടിച്ചുതകർത്ത് പലയിടത്തും പലയിടത്തും അവർ വിജയക്കൊടി പാറിച്ചു. ചിലരുടെ കസേരകൾ ഇപ്പോഴും ഇളകിക്കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥി സംഘടനകൾക്കും ഇതു സജീവമായ കാലം. ചിലർ ഒറ്റയ്ക്കും മറ്റു ചിലർ കൂട്ടായ്മകൾ തീർത്തും ഈ സമരമുഖത്തൊക്കെ സജീവമാണ്. ഒറ്റയ്ക്കാകുന്നതിൽ, ഒറ്റപ്പെടുന്നതിൽ മുന്നിലുണ്ട് കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ. എന്തുകൊണ്ടിങ്ങനെ? സമീപകാല സമരങ്ങളിൽ എസ്.എഫ്.ഐയ്ക്ക് സംഭവിച്ചതെന്ത്? സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി.തോമസ് വിശദമായി സംസാരിക്കുന്നു. സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥി വിരുദ്ധത നിരന്തര പ്രശ്നമാകുമ്പോൾ അത് സംഘടനകൾക്ക് ഇരിക്കപ്പൊറുതി ഇല്ലാത്ത കാലമാകുന്നു. എന്നിട്ടും മുന്നണിപ്പോരാളിയാകേണ്ട എസ്.എഫ്.ഐ ഏറ്റവുമധികം വിമർശനവും നേരിടുന്നു. എന്തുകൊണ്ടാണിത്? സമരവസന്തത്തിന്റെ കാലമാണ് എല്ലാ കലാലയങ്ങളിലും ഉയർത്തെഴുന്നേൽക്കുന്നത്. പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷിത്വത്തോളമെത്തുന്ന ആത്മഹത്യയെത്തുടർന്നാണ് അത് ആരംഭിച്ചത്. വിദ്യാർത്ഥി വിരുദ്ധതയുടെ കുടില കേന്ദ്രങ്ങളായ സ്വാശ്രയ കോളേജുകളിൽ നിന്നും പിന്നീടിങ്ങോട്ട് പരാതിപ്രവാഹമായിരുന്നു. മുഖം മറച്ചുമാത്രം പരാതി പറഞ്ഞിരുന്ന വിദ്യാർത്ഥികൾ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി പുറത്തേക്കു വരികയായിരുന്നു. ഇവിടെയൊക്കെ വലിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമുണ്ടായി. ഇതിലൊക്കെ ചാമ്പ്യനായത് എസ്.എഫ്.ഐയുമായിരുന്നു. ഇപ്പോഴുമത് തുടരുകയാണ്. ഇതാണ് മറ്റു സംഘടനകളെയും മുഖ്യധാരാ മാദ്ധ്യമങ്ങളെയും ഒരേപോലെ എസ്.എഫ്.ഐ വിരുദ്ധ പൊതുബോധം സൃഷ്ടിക്കാൻ പ്രേരിപ്പിച്ചത്. എല്ലാക്കാലത്തും എസ്.എഫ്.ഐക്കെതിരെ മുഖ്യധാരാ മാദ്ധ്യമങ്ങൾ പടവാളുയർത്തിയിട്ടുണ്ട്. വിമോചനസമരകാലത്ത് വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ പിന്തുണച്ച മാദ്ധ്യമങ്ങൾ, കലാലയ രാഷ്ട്രീയം സമം ഇടത് രാഷ്ട്രീയം എന്നായ 80കൾ മുതൽ കലാലയ രാഷ്ട്രീയം ആപത്തെന്ന് പ്രചരിപ്പിച്ചു തുടങ്ങി. മാദ്ധ്യമങ്ങളുടെ പാലും പഴവും ഭക്ഷിച്ചല്ല ഒരുകാലത്തും എസ്.എഫ്.ഐ ക്യാമ്പസുകളുടെ ഹൃദയപക്ഷമായത്. പുതിയ വിഷയങ്ങളിലേക്ക് വരാം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ജനാധിപത്യമില്ലെന്ന വിമർശനമുയരാൻ തുടങ്ങിയിട്ട് കാലമേറെയായി. പുതിയ ആരോപണങ്ങൾ ഇതിനെയൊക്കെ ശരിവയ്ക്കുന്നതുമാണ്. എന്താണ് ഇക്കാര്യത്തിൽ സംഘടനയുടെ നിലപാട്? ആദ്യത്തെ അതേ നിലപാടാണ് ഇപ്പോഴുമുള്ളത്. പുറത്തുനിന്നുള്ള ഒരു യുവാവ് കോളേജിനുള്ളിലെ ഒരു വിദ്യാർത്ഥിയ്ക്ക് അലോസരമുണ്ടാക്കുന്ന തരത്തിൽ ക്ലാസ്മുറിയിൽ കയറിയിരിക്കാൻ പാടില്ല. അങ്ങനെ കയറിയിരുന്നാൽ പോലും കൈയ്യൂക്കിന്റെ ബലത്തിൽ കായികപരമായി കൈകാര്യം ചെയ്യാൻ തക്ക വണ്ണമുള്ള മഹാപരാധവുമല്ല. അക്കൂട്ടത്തിൽ ഭാരവാഹികൾ തന്നെയല്ല, രണ്ടുരൂപ മെംബർഷിപ്പുള്ള ആരെങ്കിലുമുണ്ടെങ്കിൽ പരിശോധിക്കുകയും കൃത്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. കുറേയധികം ആളുകൾ ചേർന്ന് ഒരാളെ മർദ്ദിക്കുകയും അടിച്ചുപുറത്താക്കുകയും ഒക്കെ ചെയ്യുന്നത് ആൾക്കൂട്ട മനശാസ്ത്രത്തിന്റെ ഭാഗമാണ്. എന്നാൽ അത്തരം പൊതുബോധങ്ങൾക്ക് എസ്.എഫ്.ഐ എന്നും എതിരായിരുന്നു. ആ പൊതുബോധത്തോട് കലഹിച്ചും കലാപം ചെയ്തുമാണ് എന്നും എസ്.എഫ്.ഐ നിലകൊണ്ടിട്ടുള്ളത്. അതേസമയം, പുറത്തുനിന്നുള്ള ആളുകൾ ക്യാമ്പസിലെത്തുന്നത് അവിടുത്തെ അന്തരീക്ഷത്തിന് യോജിച്ചതല്ല. പക്ഷേ അത്ര ലാഘവത്തോടെ കാണാവുന്നതല്ല ആരോപണങ്ങൾ. മറ്റൊരു സംഘടനയ്ക്ക് മത്സരിക്കാൻ നോമിനേഷൻ കൊടുക്കാൻ പോലുമാകാത്ത തരത്തിൽ ജനാധിപത്യ വിരുദ്ധത നടമാടുന്നതായി വിദ്യാർത്ഥികൾ പറയുന്നതിനോട് എന്ത് പറയുന്നു? എല്ലാക്കാലത്തും യൂണിവേഴ്സിറ്റി കോളേജിനെതിരെ ഒരു പൊതുബോധം നിർമ്മിക്കാൻ മാദ്ധ്യമങ്ങൾ ശ്രമിക്കാറുണ്ട്. മെനഞ്ഞെടുത്ത പല കഥകളും നുണപ്രചാരണങ്ങളായിരുന്നെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുമുണ്ട്. കെ.എസ്.യു പ്രവർത്തകനെ ചാപ്പ കുത്തിയതുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി കോളേജ് കൊടിയ ജനാധിപത്യ വിരുദ്ധതയുടെ കേന്ദ്രമാണെന്ന് വരുത്തിത്തീർക്കാൻ മുഖ്യധാരാ മാദ്ധ്യമങ്ങൾ ശ്രമിച്ചിട്ടുണ്ട്. എന്തായിരുന്നു വസ്തുതയെന്ന് പിന്നീട് വെളിപ്പെടുത്തിയപ്പോൾ ആരും വലിയ വാർത്ത കൊടുത്തില്ല. യൂണിവേഴ്സിറ്റി കോളേജ് എല്ലാക്കാലത്തും മാദ്ധ്യമങ്ങളുടെ കുപ്രചാരണത്തിന് ഇരയായിട്ടുണ്ട്. അതിനെയൊക്കെ ക്യാമ്പസ് അതിജീവിച്ചിട്ടുമുണ്ട്. ജനാധിപത്യ വിരുദ്ധതയെക്കുറിച്ച് പറയുമ്പോൾ, കഴിഞ്ഞ രണ്ടുവർഷവും എസ്.ഐ.ഒ ഇവിടെ മത്സരിച്ചിട്ടുണ്ട്. മത്സരിച്ച ഒരാളെപ്പോലും കായികമായി ആക്രമിച്ച സംഭവമില്ല. മതയാഥാസ്ഥിതിക പ്രസ്ഥാനമായ എസ്.ഐ.ഒയ്ക്ക് മത്സരിക്കാവുന്ന സ്ഥലത്ത് തങ്ങൾക്കെന്തുകൊണ്ട് കഴിയുന്നില്ലെന്നുള്ളത് അവർ സ്വയംവിമർശനത്തിന് വിധേയമാക്കേണ്ടതാണ്. അവർക്ക് വിദ്യാർത്ഥികളെ പിടിച്ചുകൊടുക്കാനോ യൂണിറ്റുണ്ടാക്കിക്കൊടുക്കാനോ ഞങ്ങൾ നിൽക്കണമെന്നു പറയാൻ പറ്റുമോ? മത്സരിക്കാനാകാത്തത് അവരുടെ മാത്രം കഴിവുകേടായി വേണം കാണാൻ. ജനാധിപത്യവും ലിംഗസമത്വവും പുറത്തുപറയാൻ മാത്രമുള്ളതാണെന്നും ഉള്ളിൽ തങ്ങൾ പറയുന്നത് മാത്രമേ നടക്കുകയുള്ളൂ എന്നതാണ് എസ്.എഫ്.ഐയുടെ സമീപനമെന്നും പരാതികളുണ്ട്? അതൊക്കെ അങ്ങേയറ്റം വാസ്തവ വിരുദ്ധമായ പ്രചാരണമാണ്. ഞങ്ങളിക്കൊല്ലത്തെ സംഘടനാപ്രവർത്തനം ആരംഭിച്ചതുതന്നെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് മെംബർഷിപ്പു നൽകിക്കൊണ്ടായിരുന്നു. ഇന്ത്യയിൽ ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ സംഘടനയാകും എസ്.എഫ്.ഐ. അവരെ പൂർണ്ണമായും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ കലാലയങ്ങളിലെ വിദ്യാർത്ഥികളിൽ ഉണ്ടാകുന്നതിനും മുമ്പാണിത്. ഇപ്പോഴും ഇവരെയൊക്കെ സർവകലാശാല ക്യാമ്പസുകളിൽ ഒമ്പത് എന്നൊക്കെ സംബോധന ചെയ്യുന്നുണ്ട്. ആ പൊതുബോധത്തോട് കലഹിച്ചാണ് എസ്.എഫ്.ഐ ഇതൊക്കെ ചെയ്തത്. അതിലൂടെ, കലാലയങ്ങളിലെല്ലാം അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി. ഫറൂഖ് കോളേജിൽ ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരിക്കാൻ പാടില്ലെന്നു പ്രിൻസിപ്പൽ പറഞ്ഞപ്പോൾ അതിനെതിരെ എസ്.എഫ്.ഐ ക്യാമ്പയിൻ നടത്തി. ഞങ്ങളൊടൊപ്പം നിൽക്കാറുള്ള ന്യൂനപക്ഷ പ്രതിനിധികൾ പോലും എസ്.എഫ്.ഐയ്ക്ക് ഇസ്ലാമോഫോബിയയാണെന്നു പറഞ്ഞു. എന്നിട്ടും എല്ലാ തെരുവുകളിലും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി പ്രതിരോധ ക്ലാസ്മുറി തീർത്തു. സദാചാരഗുണ്ടായിസത്തിന് ഞങ്ങൾ നൽകിയ മറുപടിയായിരുന്നു അത്. ചുംബനസമരം നടന്നപ്പോൾ എ.ബി.വി.പി മുതൽ കെ.എസ്.യു വരെയുള്ളവർ അവരുടെ കൊടി കെട്ടിയ വടിയുമായാണ് സമരക്കാരെ അടിച്ചോടിച്ചത്. ലോ അക്കാദമിയിലെ മഴവിൽ സഖ്യത്തിന്റെ ആളുകളാണ് അത് ചെയ്തത്. അന്നും ഇവരുടെ സദാചാര ഗുണ്ടായിസത്തിന് മറുപടി മാനവികതയാണെന്നു പറഞ്ഞ പ്രസ്ഥാനമാണ് എസ്.എഫ്.ഐ. എന്നും സദാചാര ഗുണ്ടായിസത്തിനെതിരായ നിലപാടാണ് ഞങ്ങൾ പുലർത്തിയിട്ടുള്ളത്. യൂണിവേഴ്സിറ്റി കോളേജിലല്ല, എവിടെയും ഇത്തരമാളുകൾ ഞങ്ങളുടെ സംഘടനയുടെ ഭാഗമായുണ്ടെങ്കിൽ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. നടപടിയെടുത്ത് അവരെ സംഘടനയിൽ നിന്നു മാറ്റിനിർത്തും. പെൺകുട്ടിയുടെയും പുറത്തുനിന്നെത്തിയ യുവാവിന്റെയും ചിത്രം വച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നിരുന്നു. ഇവരിനിയും ക്ലാസിൽ കയറിവന്നാൽ ആക്രമിക്കുമെന്നും മറ്റും. നിഷ്കരുണം, നിർദ്ദയം ഞങ്ങളാ ഭീഷണിയെ തള്ളിക്കളയുന്നു. അനാശാസ്യത്തിന്റെ കെട്ടുകഥകൾ ചമയ്ക്കുന്നവരോട് ഇതാണ് പറയാനുള്ളത്, നിങ്ങൾ നിൽക്കുന്നത് ഇടതുപക്ഷബോധത്തിന്റെ ഭാഗത്തല്ല, നിങ്ങൾ നിൽക്കുന്ന പക്ഷം എസ്.എഫ്.ഐയുടേതുമല്ല. ആദ്യമായല്ല ഇത്തരം പരാതികളുണ്ടാകുന്നത്. സംഘടനാനടപടിയുടെ ദൗർബല്യം കൊണ്ടാണോ ഇത്തരം ആവർത്തിക്കപ്പെടുന്നത്? അത്തരമൊരു വീഴ്ചയുള്ളതായി തോന്നുന്നില്ല. കോവളത്ത് ഗ്ലോബൽ എജുക്കേഷൻ മീറ്റ് നടക്കേവ ടി.പി ശ്രീനിവാസനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കെതിരെ വിമർശനമുണ്ടായി. പ്രവർത്തകന്റെ ആ നടപടി ഞങ്ങളുടെ നയമല്ലെന്ന് പ്രഖ്യാപിക്കുകയും ഏറ്റവുമടുത്ത ദിവസം ജില്ലാ വൈസ് പ്രസിഡന്റിനെ പുറത്താക്കുകയും ചെയ്തു. ഒരു കൈയ്യൂക്കിന്റെ രാഷ്ട്രീയത്തെയും പൊതുബോധ സദാചാരത്തെയും പ്രോത്സാഹിപ്പിക്കുന്ന ഭൂതകാലമല്ല എസ്.എഫ്.ഐയ്ക്കുള്ളത്. നിരന്തരമായ തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്. ലോ അക്കാദമിയിലും യൂണിവേഴ്സിറ്റി കോളേജിലും സദാചാരം പ്രധാന വിഷയമാകുന്നു. സമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ട പല കാര്യങ്ങളിലും അതുണ്ടാകുന്നതുമില്ല? ചികിത്സ അർഹിക്കുന്ന ഒരു മനോരോഗ വൈകൃതമായാണ് ഞങ്ങളിതിനെ കാണുന്നത്. ലോ അക്കാദമി സമരത്തിലുൾപ്പെടെ പ്രിൻസിപ്പലിന്റെ ചാനൽ ഷൂട്ടിങ്ങും അവരുടെ സദാചാര മൂല്യവും ഒക്കെ ചർച്ചയായി. ഇത് സൃഷ്ടിക്കുന്നതിൽ മാദ്ധ്യമങ്ങൾക്കുള്ള പങ്ക് കുറച്ചുകാണുന്നുമില്ല. യൂണിവേഴ്സിറ്റി കോളേജിലും സദാചാര ബോധത്തെ ന്യായീകരിക്കാനും സംരക്ഷിക്കാനുമാണ് പലരുമെത്തിയത്. അവരാരും ഇടതുപക്ഷത്തിന്റെയോ എസ്.എഫ്.ഐയുടേയോ പക്ഷത്തല്ല നിൽക്കുന്നതെന്നാണ് വീണ്ടും പറയാനുള്ളത്. വർഗീയ ചിന്താഗതികളുള്ള വിദ്യാഭ്യാസ സംഘടനകൾ വളരുമ്പോൾ അതിനെ പ്രതിരോധിക്കേണ്ട ഇടതുപക്ഷത്തിന് അത് കഴിയാത്ത സാഹചര്യമാണോ ഇപ്പോഴുള്ളത്? എസ്.എഫ്.ഐ എല്ലാക്കാലത്തും ഒറ്റക്കായിരുന്നു. എസ്.ഐ.ഒയും എ.ബി.വി.പിയുമടക്കം ക്യാമ്പസുകളിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് കൂടുതൽ ജാഗ്രതയോടെയാണ് എസ്.എഫ്.ഐ കാണുന്നത്. ലോ അക്കാദമി സമരത്തിൽ എസ്.എഫ്.ഐ ആശയം പഠിപ്പിക്കാനിറങ്ങിയ പല മഹാന്മാരുടേയും സംഘടനകൾ അറിഞ്ഞോ അറിയാതെയോ ഒത്താശ ചെയ്തുകൊടുത്തത് ആർ.എസ്.എസ് നേതൃത്വം കൊടുക്കുന്ന ആശയസംഹിതയ്ക്കായിരുന്നു. അവരായിരുന്നു ഇവർക്ക് വളരാനുള്ള വെള്ളമൊഴിച്ചു കൊടുത്തതും വളർത്തിയതും എന്നു മറക്കാൻ പാടില്ല. എസ്.എഫ്.ഐയെ തകർക്കാനുള്ള മതിമറന്നുള്ള വ്യഗ്രതയിൽ ഇവർ വെള്ളമൊഴിച്ചു കൊടുത്തതും പാലൂട്ടി വളർത്തിയതും മത യാഥാസ്ഥിതിക സംഘടനകളായ എസ്.ഐ.ഒ, എ.ബി.വി.പി എന്നിവരെയാണ്. ഇതൊക്കെ താൽക്കാലികം മാത്രമാണ്. വർഗീയ വിദ്യാർത്ഥി സംഘടനകളുടെ വളർച്ചയെ പ്രതിരോധിക്കാനുള്ള ശേഷിയും കരുത്തും എസ്.എഫ്.ഐയ്ക്കുണ്ട്. ഇടതുപക്ഷം കേരളം ഭരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദനം സംഘടനാ പ്രവർത്തനത്തിൽ ഉണ്ടാക്കുന്നുണ്ടോ? ഇവിടെ ആരു ഭരിക്കുന്നു എന്നത് ഒരു കാലത്തും ഞങ്ങളെ അലോസരപ്പെടുത്തിയിട്ടില്ല. ഞങ്ങളെ ആശയപരമായി പിന്തുണയ്ക്കുന്ന സർക്കാറാണ് ഭരിക്കുന്നതെന്നുളളത് ശരിയാണ്. അതുകൊണ്ട് ഞങ്ങൾ സമരസംഘടന അല്ലാതാകുന്നില്ല. കൊടികൾ താഴ്ത്തി ഒരുകാലത്തും ഞങ്ങൾ ഓഫീസ് മുറികളിൽ പോയി വിശ്രമിച്ചിട്ടില്ല. ഈ സർക്കാറിന്റെ കാലത്ത് സാങ്കേതിക സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായപ്പോൾ സെക്രട്ടേറിയറ്റിലേക്ക് ആദ്യം മാർച്ചുനടത്തിയത് പ്രതിപക്ഷ സംഘടനകളല്ല, പകരം എസ്.എഫ്.ഐയാണ്. സർക്കാറിന്റെ നയപരമായ നടപടിയോട് പ്രതിഷേധം രേഖപ്പെടുത്തി അവസാനം വരെ നിലകൊണ്ടത് എസ്.എഫ്.ഐയായിരുന്നു. ഏതു സർക്കാർ ഭരിച്ചാലും ഒരു തിരുത്തൽ ശക്തിയായി വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്കായി ഒന്നാമത് തന്നെ എസ്.എഫ്.ഐ ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com